സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി… സ്വസ്തി.. സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ.. ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ.. സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ സ്വസ്തി.. സ്വസ്തി.. സ്വസ്തി..
ത്രയംബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ് മിഥിലാപുരിയിലെ മൺകിടാവിനു രാജകലയുടെ മാമാങ്കമേകിയ കോസലരാജകുമാരാ.. സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി..
ആത്മനിവേദനമറിയാതെ എന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ.. രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു വെറുതെ പതിച്ചു വച്ചൂ.. കോസലരാജകുമാരാ….
എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ… എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ.. സീത ഉറങ്ങിയുള്ളൂ…
പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ.. അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ കൽപ്പാന്തവാരിയിൽ..
അമ്മേ.. സർവ്വംസഹയാം അമ്മേ.. രത്നഗർഭയാം അമ്മേ… ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ… സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി.. സ്വസ്തി…